2011, ഡിസംബർ 18, ഞായറാഴ്‌ച

നിറക്കൂ ട്ടുകള്‍.....

കാത്തിരിപ്പിനു കാലപഴക്കം
തോന്നിയതേയില്ല,
നിറം മങ്ങിയിട്ടില്ലായിരുന്നു,
പിന്നിട്ട ഇടവഴികളിലേയ്ക്കൊന്നു
നോക്കിയപ്പോള്‍
പൊടിചിതറിയ കാല്‍പാടുകളില്‍
മൌനത്തിന്റെ നനവ്‌ .

പ്രണയത്തിരിച്ചറിവിനും
മുന്നേ തോന്നിയ ഇഷ്ട്ടങ്ങള്‍
നിറഭേദങ്ങളില്ലാതെ
മനസ്സില്‍ കൂട്ടിവച്ചിരിക്കുന്നു.

ഇടവേളയിലെപ്പോഴോ
പൊട്ടിയ കുപ്പിവളകളും
പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും

പ്രണയമണികളില്‍ പുരട്ടിയ
വര്‍ണ്ണത്തിളക്കം,
പിന്നെപ്പിന്നെ ആ തിളക്കങ്ങളെ

അവളും തിരിച്ചറിയാതെ പോയി.

മഴത്തുള്ളികളില്‍ സ്വപ്നങ്ങളെ-
ചാലിച്ചാണ് ഉറങ്ങാന്‍ കിടന്നത്,
ദിശയറിയാ കിനാവുകള്‍ക്കിടയില്‍

നിലാകീറുകള്‍ പ്രണയഗന്ധവുമായിവന്നു
നിദ്രയെ തൊട്ടുതലോടിയുണര്‍ത്തി,
പ്രണയനിലാവള്ളികള്‍
പുണര്‍ന്നൊരെന്‍ ഹൃദയതാളം,
ഇനി സ്വപ്നങ്ങള്‍ക്ക് മെത്തവിരിയ്ക്കാന്‍
നിലാവിന്റെയൊരു തുണ്ട് കീറിയെടുക്കണം.

മരുഭൂവിലില്‍ പതംവരുത്തി
ചുടുനിശ്വാസങ്ങളുതിരുന്ന
കോണ്‍ക്രീറ്റ് കാടുകളില്‍
രാകിമിനുക്കിയ വെയിലിന്റെ
ഒരു ചീള് മടിയില്‍ കരുതിയിട്ടുണ്ട്....


പ്രണയത്തിന്റെ മായാനൂലിഴകള്‍
ഉണര്‍വില്‍ വീണ്ടുമൊരു ചിത്രം വരച്ചു,

ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ
നഷ്‌ടങ്ങളുടെ വരകള്‍ വീണൊരു ചിത്രം.

കാവിലെ സര്‍പ്പരൂപങ്ങളുമായി വന്ന
കാവിധാരിയുടെ ഭസ്മത്തട്ടില്‍ നിന്നും
നിന്റെ വിരലുകളെന്റെ
നെറ്റിമേല്‍ പതിഞ്ഞപ്പോഴും...
ആല്‍ത്തറയ്ക്കു മുന്നിലൊരു
മഴസന്ധ്യയില്‍ ചന്ദനം തൊടുവിച്ചപ്പോഴും
എന്റെ മിഴികളീറനണിഞ്ഞിരുന്നൊ.....

നിദ്രയുടെ എതോയാമങ്ങളില്‍
നാമ്പിട്ട നീര്‍കുമിളപോലുളള സ്വപ്നങ്ങള്‍,
മോഹങ്ങളുടെ അന്തകവിത്തുകള്‍,
കാപട്യത്തിന്റെ നിറക്കൂട്ടുകളോടെ
വീണ്ടുമൊരു നേര്‍കാഴ്ച .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ