2011, ഡിസംബർ 18, ഞായറാഴ്‌ച

ഒരു യാത്ര കൂടി..

കഥകളും കവിതകളും
പൂക്കുന്ന
ഓര്‍മകളില്‍
കനലെരിയുന്ന
സൗന്ദരൃം

നാളെയുടെ ,
ഇന്നലെകളിലെ
കാഴ്ചയില്‍
ഓര്‍മയിലുണരുന്ന
കുറെ ചിത്രങ്ങള്‍

ചട്ടയില്‍ ഒതുങ്ങിയതും
അതില്‍ കുടുതല്‍
ഒതുങ്ങാത്തതും,
ഒതുക്കുവാന്‍ ആകാത്തതും,

സ്മൃതിയുടെ അലകളില്‍
അലയുന്ന മനസ്സ്
എനിക്കറിയാതെ
പോകുന്ന ഞാന്‍

അകലങ്ങളിലേക്ക്
ഉതിരുന്ന മോഹങ്ങള്‍
ഹൃദയത്തിന്റെ
നോവുകളായി അലഞ്ഞു,

ഇനി സ്വപ്നങ്ങള്‍ക്ക് പുറകെ
കരിയില അനങ്ങാതെ
യാത്ര പോകേണ്ടിയിരിക്കുന്നു....
നിശബ്ദതയുടെ
മുഖപടം ഭേദിച്ച്
കാറ്റിന്റെ
ജനല്‍പാളി തുറന്നു
കാണാമറയത് നിന്നും ആരോ
മനസ്സിന്റെ
വാതായനങ്ങളിലേക്ക്
ഇര കോര്‍ത്ത ചുണ്ടയിടുന്നു

കനംവച്ചു കിടക്കുന്ന
ഇരുട്ടിന്റെ
ഇടവഴികളിലെവിടെയോ
നനഞ്ഞു ചിതറിയ
അക്ഷരക്കൂട്ടത്തെ
ഉണര്‍ത്താതെ
മൌനത്തിന്റെ
വീചികളിലുടെ
കരിന്തിരി കത്തിയ
മണ്‍ചിരാതുമായി
ഒരു യാത്ര കൂടി........

നിറക്കൂ ട്ടുകള്‍.....

കാത്തിരിപ്പിനു കാലപഴക്കം
തോന്നിയതേയില്ല,
നിറം മങ്ങിയിട്ടില്ലായിരുന്നു,
പിന്നിട്ട ഇടവഴികളിലേയ്ക്കൊന്നു
നോക്കിയപ്പോള്‍
പൊടിചിതറിയ കാല്‍പാടുകളില്‍
മൌനത്തിന്റെ നനവ്‌ .

പ്രണയത്തിരിച്ചറിവിനും
മുന്നേ തോന്നിയ ഇഷ്ട്ടങ്ങള്‍
നിറഭേദങ്ങളില്ലാതെ
മനസ്സില്‍ കൂട്ടിവച്ചിരിക്കുന്നു.

ഇടവേളയിലെപ്പോഴോ
പൊട്ടിയ കുപ്പിവളകളും
പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും

പ്രണയമണികളില്‍ പുരട്ടിയ
വര്‍ണ്ണത്തിളക്കം,
പിന്നെപ്പിന്നെ ആ തിളക്കങ്ങളെ

അവളും തിരിച്ചറിയാതെ പോയി.

മഴത്തുള്ളികളില്‍ സ്വപ്നങ്ങളെ-
ചാലിച്ചാണ് ഉറങ്ങാന്‍ കിടന്നത്,
ദിശയറിയാ കിനാവുകള്‍ക്കിടയില്‍

നിലാകീറുകള്‍ പ്രണയഗന്ധവുമായിവന്നു
നിദ്രയെ തൊട്ടുതലോടിയുണര്‍ത്തി,
പ്രണയനിലാവള്ളികള്‍
പുണര്‍ന്നൊരെന്‍ ഹൃദയതാളം,
ഇനി സ്വപ്നങ്ങള്‍ക്ക് മെത്തവിരിയ്ക്കാന്‍
നിലാവിന്റെയൊരു തുണ്ട് കീറിയെടുക്കണം.

മരുഭൂവിലില്‍ പതംവരുത്തി
ചുടുനിശ്വാസങ്ങളുതിരുന്ന
കോണ്‍ക്രീറ്റ് കാടുകളില്‍
രാകിമിനുക്കിയ വെയിലിന്റെ
ഒരു ചീള് മടിയില്‍ കരുതിയിട്ടുണ്ട്....


പ്രണയത്തിന്റെ മായാനൂലിഴകള്‍
ഉണര്‍വില്‍ വീണ്ടുമൊരു ചിത്രം വരച്ചു,

ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ
നഷ്‌ടങ്ങളുടെ വരകള്‍ വീണൊരു ചിത്രം.

കാവിലെ സര്‍പ്പരൂപങ്ങളുമായി വന്ന
കാവിധാരിയുടെ ഭസ്മത്തട്ടില്‍ നിന്നും
നിന്റെ വിരലുകളെന്റെ
നെറ്റിമേല്‍ പതിഞ്ഞപ്പോഴും...
ആല്‍ത്തറയ്ക്കു മുന്നിലൊരു
മഴസന്ധ്യയില്‍ ചന്ദനം തൊടുവിച്ചപ്പോഴും
എന്റെ മിഴികളീറനണിഞ്ഞിരുന്നൊ.....

നിദ്രയുടെ എതോയാമങ്ങളില്‍
നാമ്പിട്ട നീര്‍കുമിളപോലുളള സ്വപ്നങ്ങള്‍,
മോഹങ്ങളുടെ അന്തകവിത്തുകള്‍,
കാപട്യത്തിന്റെ നിറക്കൂട്ടുകളോടെ
വീണ്ടുമൊരു നേര്‍കാഴ്ച .....

"സ്വപ്‌ന വാല്‍മീകം"

അവധി കൊടുത്തിരുന്നു
സ്വപ്നങ്ങള്‍ക്ക് ഞാന്‍ ,..
എന്നിട്ടും ഇന്നലെ കയറിവന്നു...
ഒരു ചിതലായി.....
ചിതലരിച്ച ഇലയായി...
തടികളെല്ലാം അരിച്ചരിച്ചു...
എന്നെ പൊതിഞ്ഞു
നിശ്ചലനാക്കിയിരിക്കുന്നു


ഒരു മങ്ങിയനിഴലായ്
അരികെ അവള്‍ നോക്കി
നില്‍ക്കുന്നു
പുഞ്ചിരിയോടെ
കണ്ണുകളില്‍ കുസൃതിയുടെ
തിളക്കം
ചിന്തകളില്‍ ഭ്രമിപ്പിക്കുന്ന
സംഗീതം
പുറത്തെ നിശബ്ദതയില്‍
ഓര്‍മ്മകളിലേക്കും
ഒരധിനിനിവേശം

ബുട്ടിട്ട കാലുകള്‍ ചവുട്ടിമെതിച്ച
വളപ്പൊട്ടുകളിലും ചന്ദനകുറിയിലും
എഴുതി ചേര്‍ത്തിരുന്ന
തിരിച്ചറിവിന്റെ
അടയാളങ്ങളും.താണ്ടി
പ്രണയത്തിലേക്കുമൊരു ചിതലരിപ്പ്

അടുത്ത ജന്മത്തില്‍
നിനക്ക്‌ പകരാന്‍
പെറുക്കിവച്ച സ്വപങ്ങളും,
രക്തവും മണ്ണും കൂട്ടികുഴച്ച
സ്വപ്ന വാല്മീകത്തിനുള്ളില്‍
ഈ നിമിഷത്തിലും
അറിയുന്നു നിന്റെ സാമിപ്യം


സ്വപ്നമേ
നീ വര്‍ണ്ണ ചെപ്പുടച്ചു
മടങ്ങുമ്പോള്‍
മൗനത്തിന്റെ കണ്ണുകളില്‍
നിലതെറ്റി വീണൊരു
അന്ധകാരത്തിലേക്ക്
വീണ്ടും ഞാനുണരുകയാണ് ...